മലങ്കര സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ – ഒരു പൊളിച്ചെഴുത്ത് ആവശ്യമോ?

എഡിറ്റർ – TMUNT – 13/12/2019

ഈ ലേഖനത്തിലെ ഉദ്ദേശം എക്യുമെനിസം വേണ്ടെന്നോ മലങ്കര സഭ എക്യുമെനിക്കൽ ബന്ധങ്ങൾ മുറിച്ചു കളയണം എന്നുള്ളതല്ല. നേരെമറിച്ച് എക്യുമിനിക്കൽ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുവാനും, മലങ്കര സഭ നേരിടുന്ന നീതി നീതിനിഷേധത്തിനും എതിരെയുള്ള ഉള്ള ഒരു തുറന്നെഴുത്ത് ആണ്.

എക്യുമെനിക്കൽ മേഖലകളിൽ അനേകം സംഭാവനകൾ മലങ്കര സഭയുടേത് ആയിട്ടുണ്ട്. റോമൻ കത്തോലിക്കാ സഭയുമായി ആകട്ടെ ഡബ്ല്യുസിസി തുടങ്ങി മറ്റെല്ലാ എക്യുമെനിക്കൽ സംഘടനകളുമായി കാലാകാലങ്ങളായി സഹകരിച്ചു വരുന്ന ഒരു രീതിയാണ് മലങ്കര സഭയ്ക്ക് ഉള്ളത്. എല്ലാ സഭാ വിഭാഗങ്ങളും വേണ്ട രീതിയിലുള്ള സഹായസഹകരണങ്ങളും ബഹുമാനവും കൊടുത്തു കൊണ്ട് തന്നെയാണ് മലങ്കര സഭ എക്യുമെനിക്കൽ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. ഡബ്ല്യുസിസിയിലും ഗ്ലോബൽ ക്രിസ്ത്യൻ ഫോറത്തിലും ഒക്കെ തന്നെ ശക്തമായ സാന്നിധ്യം മലങ്കര സഭ അറിയിക്കുന്നുണ്ട് .

റോമാ സഭയും വത്തിക്കാനും
റോമാ സഭയും വത്തിക്കാനും ആയിട്ട് രണ്ട് തരത്തിലുള്ള സംവാദങ്ങളിൽ മലങ്കര സഭ ഏർപ്പെടുന്നുണ്ട്. ഓറിയൻറൽ ഓർത്തഡോക്സ് റോമൻ കത്തോലിക്ക സംവാദങ്ങൾ കൂടാതെ, മലങ്കര സഭയും ആയിട്ട് എല്ലാ വർഷവും പ്രത്യേകം സംവാദങ്ങൾ റോമൻ കത്തോലിക്കാ സഭ നടത്തുന്നുണ്ട്. എന്താണ് ഇവിടെ പ്രശ്നം? ഒരുവശത്ത് മലങ്കരസഭ വളരെ സജീവമായി റോമാ സഭയും ആയിട്ടുള്ള സംവാദങ്ങളിൽ പങ്കെടുക്കുകയും, എന്നാൽ മറുവശത്ത് കേരളത്തിലുള്ള റോമാ സുറിയാനി റീത്തുകൾ മലങ്കര സഭയെ പലരീതിയിലും ബുദ്ധിമുട്ടിക്കുന്നത് കാണാം. ഒരു വശത്തുകൂടി വേദശാസ്ത്ര സംവാദങ്ങൾ പരിപോഷിപ്പിക്കാൻ പറയുന്ന കത്തോലിക്കാസഭയും റോമ സുറിയാനി റീത്തുകൾ ഉം, മറുവശത്തുകൂടി മലങ്കര സഭയെ എല്ലാ രീതിയിലും ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണ്. കുറച്ചു കാലങ്ങൾക്കു മുമ്പ് വിഘടിത വിഭാഗത്തിലെ രഹസ്യങ്ങൾ റോമാ സഭയ്ക്ക് ചോർത്തി കൊണ്ടിരുന്ന ഒരു മാന്യ വ്യക്തിയെ വിഘടിത വിഭാഗത്തിലെ തലവൻ തോമസ് പ്രഥമൻ തൻറെ ഓഫീസിൽ നിന്ന് പുറത്താക്കിയത് പരസ്യമായ രഹസ്യമാണ്. മലങ്കര സഭയിൽ ഇതുപോലെ എത്ര റോമാ ഏജൻറ്മാർ ഉണ്ടെന്നുള്ളത് ദൈവത്തിനു മാത്രം അറിയാം. റോമാ പാപ്പായുടെ കൂടെയും റോമാ കർദിനാൾമാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചായ കുടിക്കുകയും ചെയ്യുന്നത് മാത്രമല്ല എക്യുമെനിസം. റോമിൽ വൈദിക വിദ്യാർത്ഥികളെ പഠിക്കാൻ വിട്ടത് കൊണ്ടോ, മലങ്കര സഭയിലെ മെത്രാന്മാർ മാർപാപ്പയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് കൊണ്ടോ എക്യുമെനിസം പൂർണമാകില്ല.

അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം കൊടുക്കുമ്പോൾ മാത്രമേ എക്യുമെനിസത്തിന് അർത്ഥം ഉണ്ടാകുകയുള്ളൂ. റോമാ സുറിയാനികൾ മലങ്കര സഭയ്ക്ക് എന്ത് ബഹുമാനമാണ് തരുന്നത് ? സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും മലങ്കരസഭയെ അവർ പിച്ചിച്ചീന്തുന്നത് നാം ദിവസവും കാണുന്നതല്ലേ, പ്രത്യേകിച്ച് സഭാതർക്കം നടക്കുന്ന പശ്ചാത്തലത്തിൽ. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം അവകാശപ്പെടുക. റോമാ സുറിയാനി സഭകളുടെ തലവന്മാർ വിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിന് അതിപതികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും പ്രചരിപ്പിക്കുക. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ മലങ്കര സഭയ്ക്കെതിരെ പ്രചരണം നടത്തുക തുടങ്ങിയ കലാപരിപാടികൾ കുറെ വർഷങ്ങളായിട്ട് നടക്കുന്നുണ്ട്.
റോമാ സഭയിൽ രണ്ടു സിംഹാസനങ്ങൾ ഉണ്ടെന്നു പറയുന്നത് തന്നെ റോമ സഭയെ സംബന്ധിച്ച് കീറാമുട്ടിയാണ്. റോമാ സുറിയാനികൾ അർഹതയില്ലാതെ അവകാശപ്പെടുന്ന മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം വത്തിക്കാനിൽ ഇരിക്കുന്ന മാർപാപ്പയ്ക്കെതിരേ ഉള്ള വെല്ലുവിളി മാത്രമാണ്. ഇതുകൂടാതെ പല അവസരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുo മലങ്കരസഭയുടെ വിശ്വാസികളെ മലങ്കര റീത്ത് പ്രസ്ഥാനം കൈയിൽ ആക്കിയിട്ടുണ്ട്. 2017 ഏകദേശം 150 ഓളം ആളുകളെ മലങ്കര തൊഴിയൂർ സഭകളിൽ നിന്ന് മലങ്കര റീത്ത് അടർത്തിമാറ്റി. റീത്ത് പ്രസ്ഥാനങ്ങൾ വഴിയല്ല ഇനിയും നാം മുമ്പോട്ട് സഞ്ചരിക്കേണ്ടത് എന്നുള്ളത് വളരെ വ്യക്തമായി ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. ഇതിനെയൊക്കെ കാറ്റിൽപ്പറത്തി കൊണ്ടാണ് റീത്ത് പ്രസ്ഥാനങ്ങൾ കേരളത്തിൽ അഴിഞ്ഞാടുന്നത്.

അൽവാരിസ് ജൂലിയസ് തിരുമേനിയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റോമാ സഭയുമായി മല്ലിട്ട് റോമാ സഭയുടെ സകല സുഖലോലുപതകളും വലിച്ചെറിഞ്ഞ സ്വതന്ത്ര കത്തോലിക്കാ സമൂഹവുമായി മലങ്കര സഭയുടെ ആത്മീയ രക്ഷാധികാരo സ്വീകരിച്ച ചരിത്രം നാം മറന്നുപോകരുത്. ഇനിയൊരു അൽവാരിസ് ജൂലിയസ് ഉണ്ടാകുമോ എന്ന് നമുക്കറിയില്ല. പക്ഷേ മലങ്കര സഭയുടെ വിശ്വാസികളെ റീത്ത് പ്രസ്ഥാനത്തിൻറെ കഴുകൻ കണ്ണുകളിൽ പാടാതെ നോക്കേണ്ട ബാധ്യത സഭയ്ക്ക് ഉണ്ട്.

ഇതൊന്നും കൂടാതെ വിഘടിത വിഭാഗത്തോട് ഭാഗത്തോട് ചേർന്ന് അതിശക്തമായ പക്ഷാഭേദം സുറിയാനികൾ മലങ്കര സഭയോട് കാണിച്ചിരിക്കുന്നു. എക്യുമിനിക്കൽ സ്നേഹവും സാഹോദര്യവും വിളമ്പുന്ന റോമാ സുറിയാനികൾ എന്തുകൊണ്ട് മലങ്കരസഭയുടെ പക്ഷം മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല? അതുമാത്രമല്ല എന്ത് നിഷ്പക്ഷത ആണ് റോമാ സുറിയാനികൾ സഭാതർക്കത്തിൽ സ്വീകരിച്ചിട്ടുള്ളത്? ഇത്രയും നാളത്തെ എക്യുമെനിക്കൽ കൊടുക്കൽ വാങ്ങലുകളിൽ മലങ്കര സഭയുടെ സഹകരിച്ചു എന്ന് പറയുന്ന മറ്റു സഭാ വിഭാഗങ്ങൾ സുപ്രീം കോടതി വിധിയോടുo ഭാരതത്തിൻറെ പരമോന്നത നീതിപീഠം മലങ്കര സഭയ്ക്ക് നൽകിയ നീതിയോടും ഒട്ടും തന്നെ നിഷ്പക്ഷത കാണിച്ചിട്ടില്ല എന്നുള്ളതാണ്.

വിഘടിത വിഭാഗത്തോട് കാണിക്കുന്നത് വീറും വാശിയും എന്തുകൊണ്ട് റോമാ സുറിയാനികൾ കാണിക്കുന്ന അപലപനീയമായ കാര്യങ്ങളെ ചോദ്യംചെയ്യാൻ മലങ്കര സഭ നേതൃത്വമോ മലങ്കര സഭയിലെ വിശ്വാസികളും മുതിരുന്നില്ല എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ചോദ്യം ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല
പക്ഷേ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ചോദ്യംചെയ്യാൻ മലങ്കരസഭയുടെ നേതൃത്വമോ ഡയലോഗ് കമ്മിറ്റിയോ മെനക്കെടുന്നില്ല എന്നുള്ളതാണ് ആശ്ചര്യം. ഇവിടുത്തെ വിഘടന വിഭാഗവും ആയിട്ട് യുദ്ധം ചെയ്യാൻ സദാ സന്നദ്ധരായിട്ടുള്ള മലങ്കരസഭയിലെ സിംഹങ്ങൾ ഒന്നും തന്നെ റോമാ സുറിയാനികൾ മലങ്കരസഭയുടെ ചെയ്യുന്ന നീതിനിഷേധം കണ്ടില്ലെന്ന് നടിക്കുകയാണോ?

ഇതിന് പല കാരണങ്ങൾ ഉണ്ടാവാം. റോമാ സുറിയാനി കളുടെ ഈ പ്രവൃത്തികളെ വലിയൊരു ഭീഷണിയായിട്ടുണ്ട് മലങ്കര സഭയുടെ സഭയുടെ കാണുന്നില്ലായിരിക്കാo.വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിൽ റോമാ സുറിയാനി കളുടെ ചെയ്തികൾ അവഗണിക്കുന്നത് ആവാം. റോമാ സുറിയാനികളെ കുറിച്ച് ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒരുപക്ഷേ മലങ്കര സഭയിലെ വിശ്വാസികളെ നേരിട്ട് ബാധിക്കാത്ത കൊണ്ടാവാം അവർ പലരും മൗനം പാലിക്കുന്നത്.

എന്നാൽ റോമാ സുറിയാനിക്കാരുടെ ചെയ്തികളെ തീർത്തും അവഗണിക്കുകയാണ് എന്നല്ല പറഞ്ഞുവരുന്നത്. അവരുടെ ചെയ്തികളെ മനസ്സിലാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ കാര്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു വിഭാഗം മലങ്കര സഭാ വിശ്വാസികൾ ഉണ്ടുതാനും.

മലങ്കര ചർച്ച് എക്യുമെനിക്കൽ റിലേഷൻസ് വകുപ്പിൽ നിന്നുള്ള കത്തുകൾ
അഭിവന്ദ്യ യൗസേബിയോസ് തിരുമേനിയും അഭിവന്ദ്യ ഗബ്രിയേൽ തിരുമേനിയും എക്യുമെനിക്കൽ ഡിപ്പാർട്ട്മെൻറ് പ്രസിഡൻറുമാർ ആയിരുന്ന സമയത്ത് മലങ്കര കത്തോലിക്കാ റീത്ത് നടത്തിയ ചില അനാവശ്യമായ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വത്തിക്കാന് കത്തുകൾ അയച്ചിരുന്നു. അഭിവന്ദ്യ യൗസേബിയോസ് തിരുമേനിക് വത്തിക്കാനിൽ നിന്ന് മറുപടി കിട്ടുകയും ചെയ്തു. പക്ഷേ ഇതൊന്നും മലങ്കര കത്തോലിക്ക സമൂഹത്തെ ബാധിക്കുന്ന വിഷയം ആയിട്ട് തോന്നുന്നില്ല. വത്തിക്കാൻ എന്തു പറഞ്ഞാലും ഞങ്ങൾ ഞങ്ങളുടെ തോന്ന്യവാസവും ചെയ്യും എന്നുള്ള നിലയിലാണ് അവരുടെ പോക്ക്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ റോമാ സഭയും മലങ്കര കത്തോലിക്കർക്ക് എന്തും ചെയ്യാനുള്ള മൗനസമ്മതം കൊടുക്കുന്നുണ്ട് . വത്തിക്കാനോ മാർപാപ്പയോ ക്ലീമിസ് കർദിനാളിനെ കാതോലിക്കോസ് എന്ന് അഭിസംബോധന ചെയ്യുകയില്ല , നേരെമറിച്ച് മലങ്കര കത്തോലിക്കരുടെ പ്രത്യേക നിയമ സംഹിതയിൽ കാതോലിക്കോസ് എന്ന് പ്രതിപാദിച്ചിട്ടുണ്ട്താനും. ഇത് ഒരു ഉദാഹരണം മാത്രം.

അഭിവന്ദ്യ ഗബ്രിയേൽ മെത്രാൻ അയച്ച കത്തിന് മറുപടി വത്തിക്കാൻ തന്നിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ ഇതിനു ശേഷം എപ്പോഴെങ്കിലും മലങ്കര സഭ ഔദ്യോഗികമായി റോമാ സുറിയാനികൾ നടത്തുന്ന ഇത്തരത്തിലുള്ള കാര്യങ്ങളെ ചോദ്യം ചെയ്തിട്ടുമില്ല.

അഭിവന്ദ്യ പിതാക്കന്മാർക്ക് ശേഷം ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുകയും വത്തിക്കാനും ആയിട്ട് കത്തിടപാടുകൾ പോലും നടത്തുകയും ചെയ്തിട്ടുള്ളത് ഓ സി പി എന്ന സ്വതന്ത്ര സംഘടനയാണ്. ജൂലൈ 2019 ഇൽ ഇക്കാലമത്രയും ഉള്ള റോമാ സുറിയാനികളുടെ ചെയ്തികളെ ശക്തമായി ചോദ്യംചെയ്തുകൊണ്ട് വത്തിക്കാന് കത്തയച്ചു. ഇതു കൂടാതെ കഴിഞ്ഞ പത്ത് വർഷമായിട്ട് റോമാ സുറിയാനി കളുടെ ചെയ്തികളെ അവരുടെ മുഖപത്രം ആയിട്ടുള്ള ഓ സി മീഡിയ നെറ്റ്‌വർക്കിലൂടെ തുറന്നു കാട്ടിയിട്ടുണ്ട്.

ഒസിപിയുടെ ഇടപെടൽ
വിഘടിത വിഭാഗവുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത മലങ്കര സഭാമക്കൾ റോമാ സുറിയാനികളോട് എന്തുകൊണ്ട് വിട്ടുവീഴ്ച മനോഭാവം വെച്ചുപുലർത്തുന്നു? വിഘടിത വിഭാഗം കാണിക്കുന്ന അതിനേക്കാൾ ഭയാനകരമായ കാര്യമാണ് മലങ്കര സഭയെ സംബന്ധിച്ച് റോമാ സുറിയാനികൾ കാണിക്കുന്നത്. മലങ്കര സഭയുടെ പാരമ്പര്യവും മലങ്കര സഭയുടെ നാശവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് റോമാ സുറിയാനികൾ പെരുമാറുന്നത്. മലങ്കര സഭയുടെ പാരമ്പര്യം വശത്ത് ആകണമെങ്കിൽ മലങ്കര സഭയുടെ നാശം കണ്ടേതീരൂ.

റോമാ സുറിയാനി കളുടെ ആഭ്യന്തരകാര്യങ്ങളിൽ മലങ്കരസഭ ഇടപെടാറില്ല. എന്നാൽ മലങ്കരസഭയുടെ കാനോനിക അവകാശമായ സ്ഥാന നാമങ്ങളും പാരമ്പര്യങ്ങളും തങ്ങളുടേതാണെന്ന് പറയുമ്പോൾ ആണ് പ്രശ്നമുണ്ടാകുന്നത്. വത്തിക്കാൻ അനുവദിക്കാത്ത സ്ഥാന നാമങ്ങൾ ഉപയോഗിക്കാൻ റോമാ സുറിയാനി കൾക്ക് അധികാരമോ അവകാശമോ ഇല്ല. ഒരു വശത്തുകൂടി മലങ്കര സഭയും ആയിട്ട് ഊഷ്മളമായ ബന്ധങ്ങൾ വേണം എന്നു പറയുകയും മറ്റൊരു വശത്തുകൂടി മലങ്കര സഭയെ ഏതുവിധേനയും ഇല്ലാതാക്കുകയും ചെയ്യണമെന്നുള്ള നടപടികളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ഇപ്പോഴത്തെ വേദശാസ്ത്ര സംവാദ കമ്മിറ്റിക്ക് റീത്തുകളുടെ കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള അധികാരപരിധി ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ വിഷയങ്ങളെ ചോദ്യം ചെയ്യാനും ഈ വിഷയങ്ങൾക്ക് വേണ്ട കാര്യം നിർദ്ദേശങ്ങൾ നൽകാനും ഒരു സമിതിയെ അല്ലെങ്കിൽ ഒരു ഉപസമിതിയെ പുതുതായി നിയമിക്കാം. പക്ഷേ അങ്ങനെ ഉള്ള കാര്യങ്ങളൊന്നും തന്നെ മലങ്കര സഭ ഇന്നേവരെ ചെയ്തതായി അറിവില്ല.

സംഭാഷണത്തിനുള്ള സിറോ മലബാർ സിറോ മലങ്കര അംഗീകാരം
ഏറ്റവും വലിയ രസം ഇതൊന്നുമല്ല സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയും ഈ സംവാദങ്ങളെ ഏതെങ്കിലുമൊക്കെ രീതിയിൽ അംഗീകരിക്കുന്നുണ്ടോ എന്നത് സംശയമാണ് . മലങ്കരസഭ ആതിഥ്യമരുളുന്ന സംവാദങ്ങളുടെ അവസാനം പരിശുദ്ധ ബാവ തിരുമേനി ഒരു വിരുന്നു നൽകാറുണ്ട്. എന്നാൽ കേരളത്തിലുള്ള രണ്ട് റോമാ സുറിയാനി തലവന്മാർ ഈ സംവാദ സമിതിയെ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് ആയിട്ട് എങ്ങും കണ്ടിട്ടില്ല. ചങ്ങനാശ്ശേരി അതിരൂപതയുടെയും കോട്ടയം തിരുവല്ല അതിരൂപതകളുടെയും പരിപാടിയായി മാറിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ബഹുമാനപ്പെട്ട ബേബി വർഗീസ് അച്ഛൻ തൻറെ ലേഖനങ്ങളിൽ എഴുതിയിട്ടുള്ളതാണ്.

തീരുമാനങ്ങൾ
അതുമാത്രമല്ല ഈ സംവാദങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെയും പ്രഹസനങ്ങൾ ആണ്. എടുത്ത തീരുമാനങ്ങൾ എത്ര കണ്ടു നടത്തിയിട്ടുണ്ടെന്ന് നാം ഒന്നു ചിന്തിക്കുന്നത് നല്ലതാണ്.

കത്തോലിക്കരും ആയിട്ടുള്ള സംവാദങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും മലങ്കരസഭ കാണിച്ചിട്ടില്ല. എന്നാൽ റീത്തുകൾ കാട്ടിക്കൂട്ടുന്ന ചോദ്യം ചെയ്യപ്പെടേണ്ടത് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നുമില്ല. ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദിക്കുകയും, അതിനു വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിനോടുകൂടി തന്നെ സംവാദങ്ങളിൽ ഏർപ്പെടുമ്പോൾ ആണ് എക്യുമെനിസതിന് കൂടുതൽ മൂല്യവും അർത്ഥവും ഒക്കെ ഉണ്ടാകുന്നത്. ഇവിടെ ഒരു തുല്യത കാണുവാൻ സാധിക്കുന്നില്ല. ഒരു വശം മാത്രം ഉയർന്നു നിൽക്കുന്നു. അതായത് റോമാ സുറിയാനി റീത്തുകൾ ഇവിടെ എന്തുവേണേലും കാണിച്ചതോടെ ഞങ്ങൾക്ക് വത്തിക്കാനും ആയിട്ടുള്ള സംവാദങ്ങളും ചായകുടിയും ഫോട്ടോ എടുപ്പും മാത്രം മതി എന്നുള്ള ഒരു സമീപനം ആണ് കാണാൻ സാധിക്കുന്നത്. സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന ഒരു നസ്രാണിക്കും ഇത് നീതിയുക്തമായി കാണുവാൻ സാധിക്കുകയില്ല.

റോമാ സുറിയാനികൾ കാണിക്കുന്ന ചെയ്തികൾക്ക് ഒരു അറുതി വരുത്തിയത് മതി ഇനിയുള്ള സംവാദങ്ങൾ എന്നു പറയാനുള്ള ആർജ്ജവം മലങ്കര സഭ കാണിക്കുമോ? മലങ്കരയിൽ റോമാ സുറിയാനികൾ എന്തും കാണിക്കാം. ഇന്ത്യയ്ക്ക് പുറത്ത് ഏതെങ്കിലും ഒരു കത്തോലിക്കാ റീത്ത് അവരുടെ മാതൃ ഓർത്തഡോക്സ് സഭകളുടെ ഏതെങ്കിലുമൊരു സ്ഥാന നാമങ്ങൾ അവകാശപ്പെടട്ടെ, അപ്പോൾ കാണാം കളി മാറുന്നത്.

ഓറിയൻറൽ ഓർത്തഡോക്സ് സഭകൾക്ക് ഒരുമിച്ചു വരുവാൻ സ്ഥിരമായി ഒരു സംവിധാനം ഇല്ലാത്ത അവസ്ഥയിലാണ് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ എല്ലാവർഷവും റോമൻ കത്തോലിക്കാ സഭയുമായി ഡയലോഗിൽ ഏർപ്പെടുന്നത് .

1965 ഓറിയൻറൽ ഓർത്തഡോക്സ് സഭാ പിതാക്കന്മാർ അഡിസ് അബാബ യിൽ കൂടി എടുത്ത ഒരു തീരുമാനങ്ങളും ഇന്നേവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. എന്നാൽ 2004 മുതൽ നാളിതുവരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ എല്ലാം തന്നെ റോമാ സഭയും ആയിട്ടുള്ള തിയോളജിക്കൽ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്.

ഈ കാര്യങ്ങളെക്കുറിച്ച് കൃത്യമായിട്ട് ‘the night before the dialogue with Vatican’ എന്ന ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

മാർത്തോമ ചർച്ച്
മർത്തോമാ സഭയും അതിശക്തമായി മലങ്കര സഭയെ വിമർശിക്കാൻ തുടങ്ങിയിട്ടുണ്ട്. 2012 ഇൽ കാതോലിക്കേറ്റ് സ്ഥാപനത്തിന് നൂറാം വാർഷിക വേളയിൽ പ്രസംഗിച്ച മാർത്തോമാ മെത്രാപ്പോലീത്ത മലങ്കര സഭയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ നിന്ന് മർത്തോമ സഭ വിശ്വാസികൾ ഒരുപാട് വ്യതിചലിച്ച് ഇരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വിഘടിത വിഭാഗത്തിൽ കൂടി ചേർന്ന് മലങ്കര സഭയെ കളിയാക്കാനും കുറ്റപ്പെടുത്താനും ഒരു അവസരവും അവർ പാഴാക്കുന്നില്ല.

ഒരേ ദിവസം മർത്തോമ സഭയുടെ കുറഞ്ഞത് 3 പരിപാടികളിൽ എങ്കിലും പങ്കെടുക്കുന്ന മെത്രാന്മാർ ഉള്ള മലങ്കര സഭയുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകുമല്ലോ.

ഓർത്തഡോക്സ് ഐക്യം (Oriental Orthodox Unity) എന്നു പറയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനം കുത്തുകയും, എക്യുമെനിസം എന്ന് പറയുമ്പോൾ എല്ലാ സ്പർദ്ദകളും മാറ്റിവെച്ച് ഒരുമിച്ച് കൈകോർത്ത് സന്തോഷത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരു വളരെ വിചിത്രമായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്.

റോമാ സുറിയാനികളെയും മറ്റു സഭകളെയും ആവശ്യത്തിനുള്ള ബഹുമാനം കൊടുത്തു നിർത്താൻ നാം പഠിക്കണം. മലങ്കര സഭയുടെ വിശ്വാസവും കെട്ടുറപ്പും ആണോ അതോ എക്യുമെനിസവും ഫോട്ടോ എടുപ്പിനുമാണോ നമ്മൾ മുൻഗണന കൊടുക്കേണ്ടത് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇപ്പോഴത്തെ എക്യുമിനിക്കൽ ഡിപ്പാർട്ട്മെൻറ് ഏറ്റവും ഭംഗിയായി തന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല.

സഭയുടെ വ്യക്തിത്വമോ അന്തസോ കളയാതെ തന്നെ ഇതര സഹോദരി ഓർത്തഡോക്സ് സഭകളും ആയി കൂടുതൽ ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കേണ്ടി ഇരിക്കുന്നു. പരിശുദ്ധ ബാവാ തിരുമേനിയും, സുന്നഹദോസും, എക്യുമിനിക്കൽ വിഭാഗവും ഈ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. എന്നാൽ ഈ പറഞ്ഞ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് കുറച്ചൂടെ കാര്യക്ഷമമായി മലങ്കര സഭയുടെ എക്യുമിനിക്കൽ നയങ്ങള്‍ ഒരു ചേരിചേരാ അടിസ്ഥാനത്തിൽ പുനരൂപീകരണം നടത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.

മലങ്കര സഭ എക്യുമെനിക്കൽ വേദികളിൽ നിന്നും ഒളിച്ച് ഓടേണ്ട ഒരു ആവശ്യകതയും ഇല്ല. എക്യുമിനിക്കൽ വേദികളിൽ ശക്തമായിട്ടുള്ള സാന്നിധ്യം അറിയിച്ചു കൊണ്ട് തന്നെ സഭ നേരിടുന്ന എല്ലാ നീതിനിഷേധങ്ങളും ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാം കാണിക്കേണ്ടിയിരിക്കുന്നു.

എഡിറ്റർ – TMUNT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s